ചേര്‍ത്തല: ചേർത്തല നഗരസഭ സമ്പൂർണ അതിദാരിദ്ര്യമുക്ത നഗരസഭയായി നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചു. സർവേയിലൂടെ 71 ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ വിഭാഗത്തിലായി കണ്ടെത്തിയത്.
അതിൽ ഏഴു പേര് മരിച്ചതിനാല്‍ 64 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ അവശ്യരേഖകൾ ഇല്ലാതിരുന്ന ആറു പേർക്ക് ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് രേഖകൾ നൽകി.
തനിയെ ഭക്ഷണമുണ്ടാക്കി കഴിക്കാൻ സാധിക്കാത്ത നാലു ഗുണഭോക്താക്കൾക്ക് പാകം ചെയ്ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവര്ക്കും മാസംതോറും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. വരുമാനമില്ലാതിരുന്ന 20 പേര്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെ ലോട്ടറി വില്പനയും തയ്യൽ മെഷീൻ, പലചരക്കുകട മുതലായവ നൽകി വരുമാനം വർധിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നല്കി.
സ്വന്തമായി സ്ഥലമില്ലാതിരുന്ന നാലുപേര്‍ക്കു സ്ഥലം വാങ്ങി നൽകി. 19 പേർക്കു ഭവനനിർമാണത്തിന് ആനുകൂല്യം നൽകി. സ്വന്തമായി ഭവനം ഉണ്ടായിരുന്ന 19 പേര്‍ക്ക് ഭവനപുനരുദ്ധാരണം പദ്ധതിയില്‍ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സാമഗ്രികളും ഓണത്തിന് ഓണക്കോടിയും നൽകി. എല്ലാ മേഖലയിലും അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റിയതിലൂടെയാണ് ചേര്‍ത്തല നഗരസഭ സമ്പൂർണ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടത്.
ചടങ്ങിൽ പദ്ധതി നടപ്പിലാക്കാനായി പരിശ്രമിച്ച സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ്.എസ്. സീനയെ ആദരിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജി. രഞ്ജിത്, ശോഭ ജോഷി, മാധുരി സാബു, ഏലികുട്ടി ജോൺ, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ഷീജ സന്തോഷ്, പ്രൊജക്റ്റ് ഓഫീസർ സ്റ്റാലിൻ ജോസ് എന്നിവര്‍ സംസാരിച്ചു.